
ആ സ്വസ്ഥത മനസ്സിൽ ചിലപ്പോൾ ഒരു താളം ഒരുക്കും. നാം അതിൽ കണ്ണടച്ചു ലയിച്ചാൽ പിന്നെയും കാർമേഘം നിറയും. ഇന്ന് ഞാൻ ഒരു കാര്യം അറിഞ്ഞു. പണ്ട് ഞാനെപ്പോഴോ സമ്മാനിച്ച ആ സാരി അവൾ കളഞ്ഞിട്ടില്ല. സൂക്ഷിച്ചു വെച്ചിരിക്കുന്നു. ചുവപ്പ് നിറമുള്ള (ചില്ല് റെഡ്) പട്ട് സാരി.
അവൾ എനിക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു. എന്റെ എല്ലാം. എന്റെ സമ്മാനവും വാങ്ങി പോയപ്പോൾ ഞാനാഗ്രഹിച്ചു അവളത് ഉടുത്തുകാണാൻ. സാധിച്ചില്ല. പിന്നീടെപ്പോഴോ അവൾ വന്നപ്പോൾ കാത്തിരിക്കാൻ ഞാൻ ഇല്ലാതെപോയി.
ഇന്ന് ഞങ്ങൾ വീണ്ടും കണ്ടു. രണ്ടു ധ്രുവങ്ങളിൽ നിന്നാണെന്ന് മാത്രം. എനിക്കന്യമായ ആ സ്ഥലത്തു നിന്ന് അവൾ ആംഗ്യ ഭാഷയിൽ സംസാരിച്ചു. വർഷങ്ങൾ പലത് വേണ്ടി വന്നു ഈ കൂടികാഴ്ചക്ക്. കാർമേഘം പിന്നെയും നിറയുന്നു. പെയ്തിറങ്ങുന്നതിന് മുന്നേ കാറ്റ് അതിനെ മറ്റെങ്ങോട്ടോ കൊണ്ടുപോകുന്നു. കാറ്റിന്റെ ദിശ മാറിയപ്പോൾ വീണ്ടും എനിക്ക് മുകളിൽ ആ കറുത്തിരുണ്ട അവസ്ഥ.
ഇനി കാറ്റോണോ..? അതോ...
മഴയോ..?
രണ്ടായാലും കാർമേഘം എന്നെ നോക്കി വീണ്ടും പല്ലിളിക്കും. എനിക്കറിയാം!
"ഉപയോഗശൂന്യമായവ അരിപ്പയില്‍ ശേഷിക്കുന്നതുപോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങിനില്ക്കും." - പ്രഭാഷകൻ 27:4