Monday, August 8, 2016

എന്റെ (തിരു)മുറിവ്.


ങ്ങനെ വന്നുപെട്ടെന്നറിയില്ല, എന്തിനു വേണ്ടിയാണെന്നും അറിയില്ല, എനിക്ക് വേണ്ടി തന്നെയോ എന്നുപോലും അറിയില്ല. ദുഃഖം എങ്ങോട്ടേക്കോ എന്റെ കൈ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നു. എന്റെ കൈ വേദനിക്കുന്നു. എന്നെ വലിഞ്ഞു മുറുക്കുന്നു.

രണ്ടുദിവസം മുൻപ് വരെ എന്നെ പുൽകുന്നതുപോലെ തോന്നി. വലിച്ചിഴച്ചു ക്ഷതം ഏൽപ്പിക്കുമെന്നു ഞാൻ ഓർത്തില്ല. ചെറിയ സുഖമുള്ള ദുഖമായിരുന്നു അത്. ഇപ്പോഴോ? ആ വികാരം എന്നെ കീഴടക്കുന്നു. സ്വപ്നങ്ങളിൽ നിറഞ്ഞാടിയ സുഖമുള്ള ദുഃഖമല്ലായിപ്പോൾ. നഷ്ട സ്വപ്നങ്ങളാണ് എന്റെ ഹൃദയം നിറയെ.

അല്ല!

തല നിറയെ.

ഹൃദയത്തിൽ ആയിരുന്നപ്പോൾ സുഖമുള്ള നോവായിരുന്നു.

ഹും..ചിലപ്പോൾ അവയ്ക്ക് സുഖം നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ടാവും അവയൊക്കെ ഹൃദയം ഭേദിച്ച് പുറത്തു കടന്നതും തലയിൽ കയറി കൂടുകൂട്ടി താമസമാക്കിയതും. ഇപ്പോൾ അവയ്ക്കു തലമുറ കുറെയായി.

തല നിറഞ്ഞപ്പോൾ ഞാൻ നുറുങ്ങുന്നു.

ഇപ്പോൾ എന്റെ തലക്കുള്ളിലെ ഞരമ്പുകൾ മാത്രമല്ല; ശരീരത്തിലെ സർവ്വ ധമനികളും സിരകളും വലിഞ്ഞു മുറുകുന്നു. എന്റെ സ്വപനങ്ങളൊക്കെ എവിടെ കുഴിച്ചുമൂടിയാൽ എനിക്കൊരല്പം ആശ്വാസം ലഭിക്കും? എവിടെ ഞാൻ കൂട്ടിയിട്ടു കത്തിക്കണം? ആരെയൊക്കെ കത്തിക്കണം?

എങ്കിൽ ലഭിക്കുമോ?

എനിക്ക്.....

ഒരല്പം.....

ഒരല്പം മാത്രം മതി. ആശ്വാസമല്ല! ദുഃഖം.

ചെറിയ നോവ് മതി. ഒരു കുഞ്ഞുസൂചി കുത്തിയാലുള്ള ചെറിയ നോവുള്ള മുറിവ്. അത് എന്റെ ഹൃദയത്തിൽ മതി. ഒരു കുഞ്ഞു (തിരു)മുറിവ്.

No comments:

Post a Comment