Thursday, December 10, 2009

MY DEATH

എൻ്റെ മരണം



രണം തലയിൽ മത്തുപിടിച്ചുനിൽക്കുന്നു,
മരണം അടുത്തറിയാൻ എന്തെന്നില്ലാത്ത ആഗ്രഹം.
എങ്ങനെയായിരിക്കും എന്റെ മരണം!
അത് നേരത്തെ അറിയുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ….
മനസ്സ് വല്ലാതെ തുള്ളിച്ചാടുന്നു;
എന്തിനാണ് എന്റെ മനസ്സേ.... നീ ഇങ്ങനെ സന്തോഷിക്കുന്നത് ?

മരണം അടുത്തെത്തിയെന്ന് നിനക്ക് മനസ്സിലായോ?
എത്തിയോ?
സത്യം പറയ്.... എങ്ങനെയാണ് ഞാൻ മരിക്കുന്നത്?
എനിക്കറിയണം.
എന്താണ് നീ ഒന്നും മിണ്ടാതെയിരിക്കുന്നത്…!
എന്തെങ്കിലുമൊന്നു ഉരിയാടൂ… എനിക്കു ദേഷ്യം വരുന്നു.
ദേഷ്യമെന്ന വികാരം തന്നെയാണോ? അതോ, പേടിയോ?
ഇല്ലാ… എനിക്കു പേടിയില്ല…
ജനിച്ചാൽ ഒരിക്കൽ മരിക്കേണ്ടേ…
പിന്നെയെന്തിന് ഞാൻ പേടിക്കണം.
ഒരു തയ്യാറെടുപ്പുതന്നെ നടത്തിക്കഴിഞ്ഞപോലെ തോന്നുന്നു…
ഇതെപ്പോൾ സംഭവിച്ചു! ഞാൻ പോലും അറിയാതെ എന്റെ മരണത്തെ നേരിടാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞോ?
ഒരുങ്ങാനോ എന്താടാ, നീ ഷേവൊക്കെ ചെയ്ത് സുന്ദരക്കുട്ടനായിരിക്കുവാണോ?
നീ മണ്ടനാണ് കേട്ടോ!!
മരിച്ചുകഴിഞ്ഞാൽ പിന്നെ നിന്റെ ശരീരം പുഴുനുരക്കും. പുഴുവിനറിയില്ല നീ ഒരുങ്ങിക്കിടക്കുവാണെന്ന്!
അറിഞ്ഞാലോ? ഈ സുന്ദരക്കുട്ടനെ കിട്ടിയതിൽ അവറ്റകൾ സന്തോഷിക്കും, അല്ലേ…
സുന്ദരനോ! നീയോ? എന്നെ ചിരിപ്പിക്കരുത്…

എന്തേ! ഞാൻ അത്ര ബോറൊന്നുമല്ല. ഒന്നു കുളിപ്പിച്ചെടുത്താൽ സുന്ദരൻ തന്നെ!
ഹാ! തന്നെ, തന്നെ. ഉടനെ കുളിക്കാം… അല്ല! കുളിപ്പിക്കും. എന്നിട്ട് കിടത്തും.
എന്നിട്ട് തലയ്ക്ക് തിരിക്കത്തിച്ചു വെയ്ക്കും, സാമ്പ്രാണിത്തിരിയും,
ചിലപ്പോൾ കുന്തിരിക്കവും.
ഹോ! എന്നെ ആ അവസ്ഥ ഒർമ്മിപ്പിക്കാതെ… പ്ലീസ്…
എനിക്കതിഷ്ടമില്ല. വല്ലാത്ത പുകയും ബഹളവും.
മരിച്ചുകിടന്നാലും അല്പം സ്വസ്ഥത തരില്ല.
ആകെയൊരു മരണാന്തരീക്ഷം.
അതൊഴിവാക്കണം.
ആര് ഒഴുവാക്കാൻ…
അതില്ലാതെയെങ്ങനെയാ കുഴിയിലേക്ക് വെയ്ക്കുന്നത്.
ഒക്കെയൊരു ആചാരങ്ങളല്ലേ!

വേണ്ട!! എനിക്കതുവേണ്ട!!! മരിച്ചുകഴിഞ്ഞാൽ പിന്നെയെന്താചാരം.
ഒരാവിശ്യവുമില്ല.
സ്വസ്ഥമായി പെട്ടിയിൽ കിടക്കുക, അതെടുത്തുകുഴിയിൽ വയ്ക്കുക.
അപ്പോഴെല്ലാവരും കുറച്ചു മണ്ണെടുത്ത് എന്റെ പെട്ടിയുടെ മുകളിലിടും.
കുന്തിരിക്കവും, വീട്ടിൽ പുകച്ചതിന്റെ ബാക്കിയുണ്ടേൽ; അത് മറക്കാതെ ആരെങ്കിലും സെമിത്തേരിയിലേക്ക് കൊണ്ടുവന്നാൽ…
പെട്ടിയിൽ കിടക്കുന്നയെന്റെ മുകളിൽ കുന്തിരിക്കമിടേണ്ട കാര്യമുണ്ടോ?
അത് വൈകിട്ടു വീട്ടിൽ പുകച്ചാൽ എന്റെ മരണത്തിന്റെ മണമെങ്കിലും പോയി കിട്ടും.
അല്ലേ… അതെ!
ഹും…

Wednesday, December 9, 2009

നിലവിളി



രു സിഗരറ്റ് കിട്ടിയിരുന്നുവെങ്കിൽ,
ഒരു പുകയെങ്കിലും കിട്ടിയിരുന്നുവെങ്കിൽ...
നിങ്ങൾ ഇപ്പൊൾ എവിടെയാണ്?
വീട്ടിലാണോ? അതൊ, ഓഫിസിലോ?
താങ്കളുടെ ചുറ്റും ഇപ്പോൾ ആരെങ്കിലും…?
പക്ഷേ, ഞാൻ ഒറ്റക്കാണ് ഇപ്പോൾ…
ഇന്റർനെറ്റ് കഫേയിലെ ഇടുങ്ങിയ മുറിക്കുള്ളിൽ,
മുറിയെന്ന് പറയാൻ പറയാൻ കഴിയില്ല;
എങ്കിലും മുറിക്കുള്ളിൽ ഒറ്റക്കിരുന്ന്, എന്തൊക്കെയോ ആലോചിക്കുന്നു.
ആരോ വിളിക്കുന്നു… ഒരു മിനിറ്റ്.


ഹേയ്, ചേട്ടാ എന്നെ വിളിച്ചോ?
ഇല്ല!
ഹോ! സോറി…
ആരോ വിളിച്ചതുപോലെ, ഇതിപ്പോൾ മൂന്നാമത്തെ തവണയാണ്.
എന്റെ തോന്നലാണോ?
മൂന്നാമത്തെ വിളിയായപ്പോൾ ശബ്ദം കൂടിയതുപോലെ…
ഹാ! ഇനി വിളിക്കട്ടെ നമുക്ക് നോക്കാം.
വിളിക്കുവോ? ഹോ! താങ്കളെങ്ങനെ അറിയാനാ… അല്ലേ…
നിങ്ങളോടും സോറി സുഹ്യത്തേ…
ശ്ല്!! മിണ്ടരുത്… ആരോ പിന്നേയും വിളിക്കുന്നു....

ഇത് ആറാമത്തെ വിളി…
വിളിയുടെ ശബ്ദം കൂടിയതുപോലെ… നല്ല പരിചയമുള്ള ശബ്ദം.
എന്റെ ഹ്യദയമിടുപ്പും കൂടുന്നു.
ആ വിളി ഒരു നിലവിളിയായ് മാറുകയാണോ?
കാതിൽ അങ്ങനെയാണ് ഇപ്പോൾ തോന്നുന്നത്.
ഇത് എന്റെ ശബ്ദം പോലെ;
അതെ! എന്റെ ശബ്ദം തന്നെ…
എന്തിനാണ് ഇങ്ങനെ ഞാൻ നിലവിളിക്കുന്നത്?
എന്റെ ചിന്തകളുടെ നിലവിളിയാണോ?
അതോ എന്റെ മുറിപ്പെട്ട ഹ്യദയത്തിന്റെയോ?
താങ്കൾക്ക് മനസ്സിലാകുന്നുണ്ടോ?

ഇരുട്ട് വീണുതുടങ്ങി. താങ്കൾക്ക് വീട്ടിൽ പോകേണ്ടേ?
അതോ! ബാറിലേക്കോ?
ഞാനും വരുന്നു.
എനിക്ക് ഒരു സിഗരറ്റ് മേടിച്ചുത്തരണം.

Tuesday, December 8, 2009

നന്ദി




ന്‍റെ വഴിയിലെ വെയിലിനും നന്ദി,
എന്‍റെ ചുമലിലെ ചുമടിനും നന്ദി.
എന്‍റെ വഴിയിലെ തണലിനും, മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി,
മിഴി ചുവപ്പിച്ച സൂര്യനും നന്ദി.
നീളുമീ വഴിച്ചുമടുതാങ്ങിതന്‍
തോളിനും വഴിക്കിണറിനും നന്ദി.
നീട്ടിയോരു കൈക്കുമ്പിളില്‍ ജലം
വാര്‍ത്തുതന്ന നിന്‍ കനവിനും നന്ദി.
ഇരുളിലെ ചതിക്കുണ്ടിനും പോയൊ-
രിരവിലെ നിലാക്കുളിരിനും നന്ദി.
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും നന്ദി.
മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി.
(സുഗതകുമാരി)