Monday, August 8, 2016

എന്റെ (തിരു)മുറിവ്.


ങ്ങനെ വന്നുപെട്ടെന്നറിയില്ല, എന്തിനു വേണ്ടിയാണെന്നും അറിയില്ല, എനിക്ക് വേണ്ടി തന്നെയോ എന്നുപോലും അറിയില്ല. ദുഃഖം എങ്ങോട്ടേക്കോ എന്റെ കൈ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നു. എന്റെ കൈ വേദനിക്കുന്നു. എന്നെ വലിഞ്ഞു മുറുക്കുന്നു.

രണ്ടുദിവസം മുൻപ് വരെ എന്നെ പുൽകുന്നതുപോലെ തോന്നി. വലിച്ചിഴച്ചു ക്ഷതം ഏൽപ്പിക്കുമെന്നു ഞാൻ ഓർത്തില്ല. ചെറിയ സുഖമുള്ള ദുഖമായിരുന്നു അത്. ഇപ്പോഴോ? ആ വികാരം എന്നെ കീഴടക്കുന്നു. സ്വപ്നങ്ങളിൽ നിറഞ്ഞാടിയ സുഖമുള്ള ദുഃഖമല്ലായിപ്പോൾ. നഷ്ട സ്വപ്നങ്ങളാണ് എന്റെ ഹൃദയം നിറയെ.

അല്ല!

തല നിറയെ.

ഹൃദയത്തിൽ ആയിരുന്നപ്പോൾ സുഖമുള്ള നോവായിരുന്നു.

ഹും..ചിലപ്പോൾ അവയ്ക്ക് സുഖം നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ടാവും അവയൊക്കെ ഹൃദയം ഭേദിച്ച് പുറത്തു കടന്നതും തലയിൽ കയറി കൂടുകൂട്ടി താമസമാക്കിയതും. ഇപ്പോൾ അവയ്ക്കു തലമുറ കുറെയായി.

തല നിറഞ്ഞപ്പോൾ ഞാൻ നുറുങ്ങുന്നു.

ഇപ്പോൾ എന്റെ തലക്കുള്ളിലെ ഞരമ്പുകൾ മാത്രമല്ല; ശരീരത്തിലെ സർവ്വ ധമനികളും സിരകളും വലിഞ്ഞു മുറുകുന്നു. എന്റെ സ്വപനങ്ങളൊക്കെ എവിടെ കുഴിച്ചുമൂടിയാൽ എനിക്കൊരല്പം ആശ്വാസം ലഭിക്കും? എവിടെ ഞാൻ കൂട്ടിയിട്ടു കത്തിക്കണം? ആരെയൊക്കെ കത്തിക്കണം?

എങ്കിൽ ലഭിക്കുമോ?

എനിക്ക്.....

ഒരല്പം.....

ഒരല്പം മാത്രം മതി. ആശ്വാസമല്ല! ദുഃഖം.

ചെറിയ നോവ് മതി. ഒരു കുഞ്ഞുസൂചി കുത്തിയാലുള്ള ചെറിയ നോവുള്ള മുറിവ്. അത് എന്റെ ഹൃദയത്തിൽ മതി. ഒരു കുഞ്ഞു (തിരു)മുറിവ്.

Monday, April 11, 2016

വെറുതെ...




ന്റെ ആ ദിവസത്തെ യാത്ര സുഹൃത്തിന്റെ ബൈക്കിന്റെ പിറകിലിരുന്നായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും പല വളവുകളും പാലങ്ങളും ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെ കഴിഞ്ഞിരുന്നു. ചുവപ്പ് സിഗ്നൽ-ന്റെ തൊട്ട്മുൻപിൽ ബൈക്ക് നിർത്തി. മൂന്നു റോഡുകൾ കൂടി ചേരുന്ന കവല. പത്ത് മീറ്ററിനപ്പുറം അതിൽ ഒരു റോഡ്‌ പിന്നെയും രണ്ടാകുന്നു. സീബ്രാവരയിൽ കൂടി (ആകെ രണ്ട് കവലകളിലും ഇരു വശങ്ങളിലുമായി പന്ത്രണ്ട് വരകൾ) മനുഷ്യർ ഓടികിതച്ച് പോകുന്നു. പലരും പലദിക്കിലേക്ക്. അവർക്കൊക്കെ പലആവിശ്യങ്ങളും. പലഭാവങ്ങളും. എന്നെ ആ മുടിയൻ ചേട്ടൻ എവിടേക്കോ കൊണ്ട് പോകുന്നു. ഒരാവിശ്യവുമില്ലാത്തൊരു യാത്രയെ കുറിച്ചാണ് അയാൾ പറയുന്നത്.
അത് സാധ്യമാകുമോ!
സാധ്യമാകണം. അത് ആവിശ്യമാണ്. ആഗ്രഹവും. കടിഞ്ഞാണില്ലാത്ത യാത്രയെകുറിച്ചാണ് സംസാരം. ചിന്താഭാരമില്ലാതെയുള്ള യാത്ര.
മരണം?
നോ. നെവർ. അതിനുള്ള സമയം നമുക്കിനിയും ആയിട്ടില്ല. ഈ ഭൂമിയിലെ നാം പരിചയിച്ച തെരുവുകളിലൂടെ; പരിചയമില്ലാത്ത കവലകളിലൂടെ ഒരു യാത്ര. മഴയും വെയിലും പുഴയും കാണാനല്ല. വെറുതെ! ഒരാവശ്യവുമില്ലാതെ; ഒരത്ത്യാവശ്യവുമില്ലാതെ. വെറുതെ ഇങ്ങനെ പറന്നു പറന്ന്.... മദ്യം വേണ്ടാ. കഞ്ചാവും വേണ്ടാ. ഒന്നുമില്ലാതെ; ഒന്നിനും വേണ്ടിയല്ലാതെ....  കനമില്ലാത്ത ഹൃദയവും ചിറകുള്ള കാലുകളുമായുള്ള യാത്ര.
ആനവണ്ടിയുടെ ഹോണടി കേട്ടുണർന്ന എന്റെ മുൻപിൽ അപ്പോഴും ചുവപ്പ് ലൈറ്റ് തെളിഞ്ഞ് പ്രകാശിക്കുന്നു.
ഞാൻ വീണ്ടും കണ്ണടച്ചു. വെറുതെ!

Tuesday, March 1, 2016

മണ്ണിനടിയിലെ കാമം


ന്നിട്ടും ആ ശബ്ദം എന്റെ കാതിന് ചുവട്ടിൽ മൂളിപ്പാട്ടും പാടി ചുറ്റി അടിക്കുന്നു. എത്രനാളായി ആ ശബ്ദം കേൾക്കാൻ കൊതിക്കുന്നു. ഇന്നാശബ്ദം എന്റെ ശരീരത്തിലേക്ക് അരിച്ചിറങ്ങി. എന്റെ ജീവനറ്റ കോശങ്ങൾക്ക് ജീവൻ വെച്ചു. എന്റെ ഹൃദയം മിടിച്ചുതുടങ്ങി. ആ ശബ്ദം എനിക്കത്രയും പ്രിയപ്പെട്ടതാണ്. വർഷങ്ങൾ പലതുകഴിഞ്ഞു. അത് എത്രയെന്ന് ഓർത്തെടുക്കാൻ കഴിയാഞ്ഞിട്ടല്ല. ആ കാലവിളംബം അളന്നുസൂക്ഷിക്കുവാൻ എനിക്ക് മനസ്സില്ല.

ആ ശബ്ദം പലവട്ടം എന്നെ ഞാനാക്കിയിട്ടുണ്ട്. എന്നെ പുരുഷനാക്കിയിട്ടുണ്ട്. ഞങ്ങൾ ഇവിടെ രണ്ടു വൃക്ഷങ്ങൾ. കാറ്റത്ത്‌ അറിഞ്ഞും അറിയാതെയും ഞങ്ങളുടെ ശിഖരങ്ങൾ മുട്ടിയുരുമ്മാറുണ്ട്. അതറിഞ്ഞിട്ടാവും വായുഭഗവാൻ ഇപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വരാറില്ല. ഇപ്പോൾ അതല്ല ഞങ്ങൾക്ക് വേണ്ടത്. എനിക്ക് വേണ്ടത്. അതെന്റെ വേരിനറിയാം. ഞങ്ങളുടെ വേരുകൾക്കറിയാം. അതാവാം അവ മണ്ണിനടിയിൽ പരസ്പരം കെട്ടിപുണർന്ന് ശയിക്കുന്നത്.

Tuesday, January 19, 2016

ഒരഅന്തവും കുന്തവുമില്ല.


ഞാൻ ചെയ്യുന്ന നന്മകളൊക്കെയും ദൈവസന്നിധിയിൽ എത്തിപ്പെടാതിരിക്കത്തക്കവിധത്തിൽ എന്റെ തിന്മകൾ എന്നെ ആവരണം ചെയ്തിരിക്കുന്നു.

ഓസോൺ പാളി കണക്കെ ആ ആവരണം എന്നെ മൂടിപുതച്ച് അങ്ങനെ കിടക്കുന്നു. ഇടക്ക് ഒരു സുഷിരം വീണാൽ ഒരല്പം വെട്ടം കിട്ടിയാലായി. അതും വല്ലപ്പോഴും; വളരെകുറച്ചു നേരം.
ആ നിമിഷനേരത്തെ വെട്ടം ഓർമയിൽ കനച്ചുതുടങ്ങുന്നതുവരെ പുതപ്പിനടിയിലെ ജീവിതത്തിൽ അങ്ങനെ രമിച്ച്........ ആഹ്... അത് വിട്....

സത്യത്തിൽ ഈ ബാക്കി ജീവിതവും പുതപ്പിനടിയിൽ ഞെരിഞ്ഞുത്തീരുവാൻ എന്നിലെ നീ ആഗ്രഹിക്കുന്നില്ല. പക്ഷെ എന്നിലെ ഞാൻ ആശങ്കാകുലനാണ്. വെട്ടത്തുള്ള ജീവിതം സ്വപ്നമായി ആ ആവരണത്തിൽ നഷ്ടപ്പെടും. ഞാനും നീയും രണ്ടുധ്രുവങ്ങളിലാണ്. നമ്മൾ എന്ന് പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിരിക്കാം ഒരല്പം വെട്ടം കിട്ടുന്നത്. ആ അവസ്ഥ എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. ഇപ്പോൾ തീരെകുറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനുകാരണം ഞാൻ മാത്രമല്ല. നീയും.

എന്റെ മുള്ള് നിനക്കറിയാം. നിനക്ക് വേണമെങ്കിൽ  ശകുന്തളയെ സഹായിച്ച ദുഷ്യന്തമഹാരാജാവാകാം. പക്ഷേ നീ,  പൗലോസിന്റെ മുള്ള് കണ്ടില്ലെന്ന് നടിച്ചയാൾ ആവാനാണ് വഴി. അനുബന്ധമായി റോമാ 7:7-25 വായിക്കുന്നത് നന്നായിരിക്കും. അത് കഴിഞ്ഞു ഇതും 2കൊറിന്തോസ് 12:7-10.