Friday, September 29, 2017

ജീവനുള്ള കളിപ്പാട്ടം



ർക്കും വേണ്ടാതെ പുറത്തേക്ക് എറിയപ്പെട്ട പാവം ഞാൻ...

മണ്ണിൽ താണ് തുടങ്ങിയപ്പോൾ പതിയെ എത്തി നോക്കി. ആരും വന്നില്ല. വീണ്ടും താണ് തുടങ്ങിയപ്പോൾ കുതറി എണീക്കാൻ ഒരു വിഫല ശ്രമം. എന്റെ കൂടെ സാറ്റ് കളിച്ചവർ എന്നെ നോക്കുന്നില്ല. ഹൃദയം കുത്തി നോവിക്കപ്പെട്ട നിമിഷങ്ങൾ. കുടുബത്തിൽ ആയിരുന്നപ്പോൾ അവർ ചൊല്ലി കെട്ടിയിരുന്ന കുരിശിന്റെ വഴി പോലെ കണ്ണ് നനയിക്കുന്ന സന്ദർഭങ്ങൾ.

എന്റെ കണ്ണ് നിറഞ്ഞപ്പോൾ കൂടെ കരയാൻ ആകാശം മാത്രം. ഞാൻ ശരിക്കും നനഞ്ഞു. വെയിലേറ്റ് കരിവാളിച്ച എന്നിലേക്ക് കുളിർ കോരിയിട്ട ആ ജലത്തെ ഞാൻ നെഞ്ചും വിരിച്ചു സ്വീകരിച്ചു. ഓരോ തുള്ളിയും എന്നിലേക്ക് ഒഴുകിയിറങ്ങി. പിന്നെ എങ്ങോട്ടേക്കോ ഒഴുക്കി ഒഴുകി...

ആ ഒഴുക്കിൽ ഞാൻ നനഞ്ഞു സുന്ദരിയായി. ഇപ്പോൾ എന്നെ വലിച്ചെറിഞ്ഞ അമ്മു കുട്ടിക്കും വേണം അപ്പുറത്തെ വീട്ടിലെ കിച്ചു ചേട്ടനും വേണം. എനിക്ക് വേണ്ടി പിടിവലി. അതുഗ്രൻ സ്വീകരണം. എനിക്ക് പൊട്ടൊക്കെ തൊട്ട് തന്നു. മുടിയും കെട്ടി തന്നു. പുതിയ ഉടുപ്പും തുന്നി തന്നു. എന്ത് രസം. ഞാൻ കൊതിച്ച ദിവസങ്ങൾ.

മഴ മാറി വെയിൽ വന്നു. കാലങ്ങൾ പിന്നെയും ഉരുണ്ടു. മുഖത്ത് ചെളിയായി. ഉടുപ്പ് അഴുക്കായി. എറിയപ്പെടുന്നതിന് മുൻപേ ഞാൻ പടി ഇറങ്ങി.

ദാ വരുന്നു മഴ.

Thursday, September 28, 2017

ഒരു പെൺ സൗഹൃദം



ഞാൻ വിളിക്കും അപ്പോൾ നീ വരും
എന്റെ ചിന്തകളിൽ ചിലത് ഞാൻ നിനക്ക് തരും
ചിലത് നീ കട്ടെടുക്കും
മറ്റുചിലത്, ചിതലരിച്ചത് നീ എനിക്ക് തരും
ചിതലിനെ ഞാൻ എന്റെ ചിന്തകളിൽ ചേർത്ത് വെക്കും
കേട് മാറ്റി പുതിയവ നിനക്ക് ഞാൻ സമ്മാനിക്കും

ചിതലുകളെയും പുറ്റുകളെയും ഞാൻ ഹൃദയം കൊണ്ട് സ്നേഹിച്ചു
അവയ്ക്കായി കാതോർത്തു, വാശിപിടിച്ചു
അവയൊക്കെ എനിക്ക് മാത്രം എന്ന് നീ പറഞ്ഞു
ഞാൻ വാനോളം ഉയർന്നു, അഹങ്കരിച്ചു, സന്തോഷിച്ചു

ഞാൻ ഉറങ്ങിയപ്പോൾ ഒരു ജീവി വന്ന്-
പുറ്റുകളെ ചവിട്ടി മെതിച്ചു
ചിതലുകളിൽ ചിലതിനെ തിന്നൊടുക്കി
ചിലത് ചിതറി ഓടി, മറ്റിടങ്ങളിൽ താമസമാക്കി

ചിതലുകൾ കാർന്ന കേടുള്ള ചിന്തകളുമായി നീ അലഞ്ഞു
ചിതലുകൾ ഇല്ലാതെ പുറ്റുകൾ ഇല്ലാതെ ഞാനും

കാത്തിരുപ്പിന്റെ നാളുകളിൽ ദീക്ഷ വളരും മുടി നരക്കും
ചിതലുകൾ വളരും പുറ്റുകൾ പെരുകും
നീ വിളിക്കും അപ്പോൾ ഞാൻ വരും

Monday, May 22, 2017

സാരി


കൊട്ടിയടക്കപ്പെട്ട ചിന്തകളും ആഗ്രഹങ്ങളും വാതിൽ തള്ളിത്തുറന്നു പുറത്തേക്ക് കടക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ്. കറുത്തിരുണ്ട കാർമേഘം പോലെ അസ്വസ്ഥമായ മനസ്സ് പെയ്തിറങ്ങിയ മഴ പോലെ സ്വസ്ഥമാകും.

ആ സ്വസ്ഥത മനസ്സിൽ ചിലപ്പോൾ  ഒരു താളം ഒരുക്കും. നാം അതിൽ കണ്ണടച്ചു ലയിച്ചാൽ പിന്നെയും കാർമേഘം നിറയും. ഇന്ന് ഞാൻ ഒരു കാര്യം അറിഞ്ഞു. പണ്ട് ഞാനെപ്പോഴോ സമ്മാനിച്ച ആ സാരി അവൾ കളഞ്ഞിട്ടില്ല. സൂക്ഷിച്ചു വെച്ചിരിക്കുന്നു. ചുവപ്പ് നിറമുള്ള (ചില്ല് റെഡ്) പട്ട് സാരി.

അവൾ എനിക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു. എന്റെ എല്ലാം. എന്റെ സമ്മാനവും വാങ്ങി പോയപ്പോൾ ഞാനാഗ്രഹിച്ചു അവളത് ഉടുത്തുകാണാൻ. സാധിച്ചില്ല. പിന്നീടെപ്പോഴോ അവൾ വന്നപ്പോൾ  കാത്തിരിക്കാൻ ഞാൻ ഇല്ലാതെപോയി.

ഇന്ന് ഞങ്ങൾ വീണ്ടും കണ്ടു. രണ്ടു ധ്രുവങ്ങളിൽ നിന്നാണെന്ന് മാത്രം. എനിക്കന്യമായ ആ സ്ഥലത്തു നിന്ന് അവൾ ആംഗ്യ ഭാഷയിൽ സംസാരിച്ചു. വർഷങ്ങൾ പലത് വേണ്ടി വന്നു ഈ കൂടികാഴ്ചക്ക്. കാർമേഘം പിന്നെയും നിറയുന്നു. പെയ്തിറങ്ങുന്നതിന് മുന്നേ കാറ്റ് അതിനെ മറ്റെങ്ങോട്ടോ കൊണ്ടുപോകുന്നു. കാറ്റിന്റെ ദിശ മാറിയപ്പോൾ വീണ്ടും എനിക്ക് മുകളിൽ ആ കറുത്തിരുണ്ട അവസ്ഥ.
ഇനി കാറ്റോണോ..? അതോ...
മഴയോ..?
രണ്ടായാലും കാർമേഘം എന്നെ നോക്കി വീണ്ടും പല്ലിളിക്കും. എനിക്കറിയാം!

"ഉപയോഗശൂന്യമായവ അരിപ്പയില്‍ ശേഷിക്കുന്നതുപോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങിനില്‍ക്കും." - പ്രഭാഷകൻ 27:4

Saturday, February 4, 2017

ഇന്ന് വരുവോ....


ഞ്ചരക്കുള്ള ഇന്റർസിറ്റിയിൽ കയറിപ്പറ്റാൻ നൻപന്റെ  സഹായം തക്കസമയത്ത് കിട്ടി. പെട്ടെന്നുള്ള അവധിയിൽ ധൃതി പിടിച്ചു ഓഫിസിന്ന് ഇറങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തി പെട്ടെന്ന് ടിക്കറ്റും എടുത്തു ഓടി ചാടി ട്രെയിനിൽ കയറിയതിന്റെ ക്ഷീണത്തിൽ ഞാൻ ചാഞ്ഞിരുന്നു ദീർഘശ്വാസം എടുത്തു. നാളെ ചെറുക്കാനുമായി ഇടിവെക്കാം എന്നതാണ് ആശ്വാസം. രണ്ടര വയസ്സുള്ള എന്റെ കുട്ടികുറുമ്പൻ. രാവിലെ അവൻ വിളിച്ചപ്പോൾ പതിവില്ലാതെ പറയുകയും ചെയ്തു,  ലിജോപ്പാ ഇന്ന് ട്രെയിനിൽ വന്നാ മതീന്ന്. നമുക്ക് അറിയുവോ ഇങ്ങനൊക്കെ വരൂന്ന്.

നമ്മൾ മുതിർന്നവർ പറയുംപോലെ, അപ്പ ഇന്ന് വരൂല്ലട ഇനി ശനിയാഴ്ചയെ വരൂന്നു പറയുകയും ചെയ്തു. 
അവൻ പറഞ്ഞ പോലെ നാളെ തിരുവനന്തപുരത്ത് ഹർത്താൽ.  കുഞ്ഞുങ്ങൾക്ക് ദീർഘദൃഷ്ടി ഉണ്ടെന്നൊക്കെ പറയുന്നത് സത്യമാകും. ഇതൊക്കെ നമുക്ക് എന്താണാവോ ഇല്ലാത്തത്. ഒക്കെ നമുക്കും കഴിയുമായിരിക്കും. ഒരൊറ്റ കാര്യം,
നമ്മൾ കുഞ്ഞുങ്ങളെ പോലെ ആവണം. അവരെ പോലെ പെരുമാറേണ്ടതില്ല. അവരെ പോലെ ചിന്തിക്കണം. അവരെ പോലെ സ്നേഹിക്കണം. എന്തിനാണെന്നോ, സ്വർഗ്ഗരാജ്യം ഭൂമിയിൽ സൃഷിടിക്കാൻ.