
എന്റെ ആ ദിവസത്തെ യാത്ര സുഹൃത്തിന്റെ ബൈക്കിന്റെ പിറകിലിരുന്നായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും പല വളവുകളും പാലങ്ങളും ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെ കഴിഞ്ഞിരുന്നു. ചുവപ്പ് സിഗ്നൽ-ന്റെ തൊട്ട്മുൻപിൽ ബൈക്ക് നിർത്തി. മൂന്നു റോഡുകൾ കൂടി ചേരുന്ന കവല. പത്ത് മീറ്ററിനപ്പുറം അതിൽ ഒരു റോഡ് പിന്നെയും രണ്ടാകുന്നു. സീബ്രാവരയിൽ കൂടി (ആകെ രണ്ട് കവലകളിലും ഇരു വശങ്ങളിലുമായി പന്ത്രണ്ട് വരകൾ) മനുഷ്യർ ഓടികിതച്ച് പോകുന്നു. പലരും പലദിക്കിലേക്ക്. അവർക്കൊക്കെ പലആവിശ്യങ്ങളും. പലഭാവങ്ങളും. എന്നെ ആ മുടിയൻ ചേട്ടൻ എവിടേക്കോ കൊണ്ട് പോകുന്നു. ഒരാവിശ്യവുമില്ലാത്തൊരു യാത്രയെ കുറിച്ചാണ് അയാൾ പറയുന്നത്.
അത് സാധ്യമാകുമോ!
സാധ്യമാകണം. അത് ആവിശ്യമാണ്. ആഗ്രഹവും. കടിഞ്ഞാണില്ലാത്ത യാത്രയെകുറിച്ചാണ് സംസാരം. ചിന്താഭാരമില്ലാതെയുള്ള യാത്ര.
മരണം?
നോ. നെവർ. അതിനുള്ള സമയം നമുക്കിനിയും ആയിട്ടില്ല. ഈ ഭൂമിയിലെ നാം പരിചയിച്ച തെരുവുകളിലൂടെ; പരിചയമില്ലാത്ത കവലകളിലൂടെ ഒരു യാത്ര. മഴയും വെയിലും പുഴയും കാണാനല്ല. വെറുതെ! ഒരാവശ്യവുമില്ലാതെ; ഒരത്ത്യാവശ്യവുമില്ലാതെ. വെറുതെ ഇങ്ങനെ പറന്നു പറന്ന്.... മദ്യം വേണ്ടാ. കഞ്ചാവും വേണ്ടാ. ഒന്നുമില്ലാതെ; ഒന്നിനും വേണ്ടിയല്ലാതെ.... കനമില്ലാത്ത ഹൃദയവും ചിറകുള്ള കാലുകളുമായുള്ള യാത്ര.
ആനവണ്ടിയുടെ ഹോണടി കേട്ടുണർന്ന എന്റെ മുൻപിൽ അപ്പോഴും ചുവപ്പ് ലൈറ്റ് തെളിഞ്ഞ് പ്രകാശിക്കുന്നു.
ഞാൻ വീണ്ടും കണ്ണടച്ചു. വെറുതെ!