പുഴ കരയാകും നേരത്ത്
ആ കരയിൽ വളർന്നൊരു
മരമായി, മാനം-
തൊട്ടൊരാ ശിഖരങ്ങൾ!
മഴ പെയ്യാതെ വർഷങ്ങൾ
ഇല പൊഴിയുന്നൊരാ-
ശിഖരത്തിൽ കിളിയില്ല,
കായില്ല, അണ്ണാൻ കുഞ്ഞില്ല!
ശപിക്കുന്നു ആരോ?
വെയിലിനെ, ഭൂമിയെ,
വെയിലേറ്റ് വാടിയോരാ-
മാനം തൊട്ട മരത്തെയും!
കിളികൾ വലഞ്ഞു,
ജാതി തൈകൾ വലഞ്ഞു,
തെറി പറഞ്ഞു വലഞ്ഞു,
കണ്ണീർ കുടിച്ചു വലഞ്ഞു!
മഴ കനിഞ്ഞൊരു നാളിൽ
ഒഴുകിവന്നൊരു വേറൊരു-
പുഴയാൽ, പെട്ടെന്നാ
കര പുഴയാകും നേരത്ത്
ജാതിതൈകൾ മുങ്ങി,
തെറി പറഞ്ഞവർ മുങ്ങി,
കാടും മുങ്ങി നാടും മുങ്ങി,
ഞാനും സകലതും മുങ്ങി!
അന്നാക്കരയിൽ വളന്നൊരാ-
മരവും മുങ്ങി, മാനം മുട്ടിയ-
മരച്ചില്ല ബാക്കി, കിളിയും,
അണ്ണാറ കണ്ണനും ബാക്കി!