ഞാൻ ചെയ്യുന്ന നന്മകളൊക്കെയും ദൈവസന്നിധിയിൽ എത്തിപ്പെടാതിരിക്കത്തക്കവിധത്തിൽ എന്റെ തിന്മകൾ എന്നെ ആവരണം ചെയ്തിരിക്കുന്നു.
ഓസോൺ പാളി കണക്കെ ആ ആവരണം എന്നെ മൂടിപുതച്ച് അങ്ങനെ കിടക്കുന്നു. ഇടക്ക് ഒരു സുഷിരം വീണാൽ ഒരല്പം വെട്ടം കിട്ടിയാലായി. അതും വല്ലപ്പോഴും; വളരെകുറച്ചു നേരം.
ആ നിമിഷനേരത്തെ വെട്ടം ഓർമയിൽ കനച്ചുതുടങ്ങുന്നതുവരെ പുതപ്പിനടിയിലെ ജീവിതത്തിൽ അങ്ങനെ രമിച്ച്........ ആഹ്... അത് വിട്....
സത്യത്തിൽ ഈ ബാക്കി ജീവിതവും പുതപ്പിനടിയിൽ ഞെരിഞ്ഞുത്തീരുവാൻ എന്നിലെ നീ ആഗ്രഹിക്കുന്നില്ല. പക്ഷെ എന്നിലെ ഞാൻ ആശങ്കാകുലനാണ്. വെട്ടത്തുള്ള ജീവിതം സ്വപ്നമായി ആ ആവരണത്തിൽ നഷ്ടപ്പെടും. ഞാനും നീയും രണ്ടുധ്രുവങ്ങളിലാണ്. നമ്മൾ എന്ന് പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിരിക്കാം ഒരല്പം വെട്ടം കിട്ടുന്നത്. ആ അവസ്ഥ എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. ഇപ്പോൾ തീരെകുറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനുകാരണം ഞാൻ മാത്രമല്ല. നീയും.
എന്റെ മുള്ള് നിനക്കറിയാം. നിനക്ക് വേണമെങ്കിൽ ശകുന്തളയെ സഹായിച്ച ദുഷ്യന്തമഹാരാജാവാകാം. പക്ഷേ നീ, പൗലോസിന്റെ മുള്ള് കണ്ടില്ലെന്ന് നടിച്ചയാൾ ആവാനാണ് വഴി. അനുബന്ധമായി റോമാ 7:7-25 വായിക്കുന്നത് നന്നായിരിക്കും. അത് കഴിഞ്ഞു ഇതും 2കൊറിന്തോസ് 12:7-10.
No comments:
Post a Comment