ഞാൻ വിളിക്കും അപ്പോൾ നീ വരും
എന്റെ ചിന്തകളിൽ ചിലത് ഞാൻ നിനക്ക് തരും
ചിലത് നീ കട്ടെടുക്കും
മറ്റുചിലത്, ചിതലരിച്ചത് നീ എനിക്ക് തരും
ചിതലിനെ ഞാൻ എന്റെ ചിന്തകളിൽ ചേർത്ത് വെക്കും
കേട് മാറ്റി പുതിയവ നിനക്ക് ഞാൻ സമ്മാനിക്കും
ചിതലുകളെയും പുറ്റുകളെയും ഞാൻ ഹൃദയം കൊണ്ട് സ്നേഹിച്ചു
അവയ്ക്കായി കാതോർത്തു, വാശിപിടിച്ചു
അവയൊക്കെ എനിക്ക് മാത്രം എന്ന് നീ പറഞ്ഞു
ഞാൻ വാനോളം ഉയർന്നു, അഹങ്കരിച്ചു, സന്തോഷിച്ചു
ഞാൻ ഉറങ്ങിയപ്പോൾ ഒരു ജീവി വന്ന്-
പുറ്റുകളെ ചവിട്ടി മെതിച്ചു
ചിതലുകളിൽ ചിലതിനെ തിന്നൊടുക്കി
ചിലത് ചിതറി ഓടി, മറ്റിടങ്ങളിൽ താമസമാക്കി
ചിതലുകൾ കാർന്ന കേടുള്ള ചിന്തകളുമായി നീ അലഞ്ഞു
ചിതലുകൾ ഇല്ലാതെ പുറ്റുകൾ ഇല്ലാതെ ഞാനും
കാത്തിരുപ്പിന്റെ നാളുകളിൽ ദീക്ഷ വളരും മുടി നരക്കും
ചിതലുകൾ വളരും പുറ്റുകൾ പെരുകും
നീ വിളിക്കും അപ്പോൾ ഞാൻ വരും
No comments:
Post a Comment