Friday, May 18, 2018

വിശുദ്ധ സ്നേഹത്തിന്റെ സുവിശേഷം അവസാനത്തെ അദ്ധ്യായം



അവൻ: ഹൃദയത്തിൽ ഒരു വാൾ കടന്നു. മുറിവേറ്റ ഹൃദയത്തിൽ അവൾ മരുന്നു വെച്ചു കെട്ടി. അറിയാതെ സംഭവിച്ച മുറിവ്. മനസ്സറിഞ്ഞു  പരിചരിച്ചു. സുഖപ്പെട്ട് ഓടി വന്ന് അവളുടെ ഹൃദയവും മുറിച്ചു. അപ്പോൾ ഞാൻ പരിചരിച്ചു, സ്നേഹം കൊണ്ട്. സുഖപ്പെടും. അതും എനിക്ക് വേണ്ടി. 

അവൾക്കും എനിക്കും ഇടയിൽ വിശുദ്ധി തളം കെട്ടി നിൽക്കും. ഭൂമിയും നക്ഷത്രങ്ങളും സകല ജീവചാലങ്ങളും  ഞങ്ങൾക്ക് വേണ്ടി പ്രേമഗാനം പാടും.

സ്നേഹം കൊണ്ട് ഞാൻ അവൾക്ക് ഒരു കൂടൊരുക്കും. ആ കൂട് മറ്റാർക്കും വേണ്ടി തുറക്കുകയുമില്ല. അവളെ അവിടെ എന്റെ റാണിയായി വാഴിക്കും. സ്‌നേഹം കൊണ്ടുള്ള മുറിപ്പെടൽ അല്ലാതെ മറ്റൊരു വേദനയും  ഈ ജീവിതത്തിലും മറ്റൊരു ജീവിതത്തിലും  ഞാൻ അവൾക്ക് സമ്മാനിക്കുകയില്ല.

അവൾ: അവനെ ഞാനും ഒരിക്കലും വിട്ട് പിരിയുകയില്ല. അവൻ എനിക്ക് എന്റെ ആത്മാവാണ്. ആത്മാവിൽ നിറഞ്ഞ ഞാൻ ആണ് അവനെ സ്നേഹിക്കുന്നത്. ഞാൻ എന്നെ തന്നെ സ്നേഹിക്കുന്നു. ഞാൻ തന്നെയാണ് അവൻ. അവൻ മറ്റൊരാൾ അല്ല.

അവനു എന്നെ അറിയാൻ ഞാൻ അനുവദിച്ചു. അവൻ എന്നെ സ്നേഹിച്ചു. ഈ ഭൂമിയുടെ അതിർത്തി വരെയുള്ള മണൽ തരികളെക്കാളും കൂടുതലായി ഞാനും അവനെ സ്നേഹിച്ചു. അങ്ങനെ ഞാനും അവനും ഒന്നായി. ഇപ്പോൾ ഞങ്ങൾ രണ്ടല്ല ഒന്നാണ്. എന്റെ ഹൃദയത്തിന്റെ രഹസ്യ അറയിൽ അവനെ ഞാൻ എന്റെ ചോരയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു.

അവനെ ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാൽ ഞാൻ ഇല്ലാതാവും. ഹൃദയം മുറിയും. എന്നെ പരിചരിക്കാൻ അവൻ ഇല്ലല്ലോ.

No comments:

Post a Comment