എന്തോ ശക്തിയായി എന്റെ മേലെ വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ചുറ്റും ഇരുട്ടാണ്, ഞാൻ ഏതോ ഇടുങ്ങിയ സ്ഥലത്ത് പെട്ട് പോയിരിക്കുന്നു. കൈയ്യും കാലും കെട്ടിയിട്ടുണ്ട്, ഒന്ന് അനങ്ങാൻ കൂടി വയ്യ. ഞാൻ സർവ്വ ശക്തിയുമെടുത്ത് എഴുന്നേൽക്കാൻ ശ്രമിച്ചു.
എനിക്ക് മറ തീർക്കപ്പെട്ട ആ ഇടുങ്ങിയ ഭാഗത്തിന് മേലെ വീണ്ടും എന്തോക്കെയോ വീഴുന്ന ശബ്‌ദം എന്നെ അസ്വസ്ഥനാക്കി. എനിക്കിനി രക്ഷപെടാൻ കഴിയില്ലേ? എന്നുള്ളിൽ എന്റെ ചിന്തകൾ മാത്രം എന്നെ ഭരിച്ചു. ഇനിയും വൈകിക്കൂടാ, തൊണ്ടയിൽ നിന്നും നിലവിളി ഉയർന്നു. നിലവിളി കൂവലായി. തൊണ്ട പൊട്ടി തളർന്നു തുടങ്ങി.
ആരാണ് ഈ ചതി എന്നോട് ചെയ്തത്. എന്തിനാണ് ഇങ്ങനെ എന്നെ കെട്ടിയിട്ടിരിക്കുന്നത്. ആലോചനകൾ കാട് കയറി അഗസ്ത്യാർകൂടം വരെ പോയി.
പക്ഷെ, ഒന്നും മനസ്സിലാകുന്നില്ല.
തൊണ്ട വറ്റി, ആലോചനകൾ വറ്റി. കണ്ണിൽ നിന്നും ഉറവ പൊട്ടിയിട്ടേ ഉള്ളൂ. അതും വറ്റും. ഉള്ള് ആഗ്രഹിച്ച പോലെ കവിളിൽ നിന്നും ഒഴുകിയിറങ്ങിയ ഉപ്പ് വെള്ളം എന്റെ അധരം നനച്ചു. ഇപ്പോഴല്പം ആശ്വാസം തോന്നുന്നു.
ആ ആശ്വാസത്തിൽ തളർന്ന് ഞാൻ ഉറങ്ങി.
ഉറക്കത്തിന്റെ ആഴങ്ങളിലെപ്പോഴോ ദേഹം മുഴുവൻ നനവ് പടർന്നപ്പോൾ ഞെട്ടി ഉണർന്നു. അപ്പോൾ അടുത്ത് ഒരാൾ ഉണ്ട്. പെട്ടെന്ന് ഞെട്ടിയെങ്കിലും അയാളെ കണ്ടപ്പോൾ പ്രതീക്ഷയുടെ നാമ്പ് കിളിർത്തു. കാണാൻ ഏകദേശം എന്നെ പോലെയുണ്ട്. അയാളോട് എന്റെയുള്ളിലെ ആശങ്ക പങ്കുവെച്ചു. എന്നെ ആരാ ഇങ്ങനെ കെട്ടിയിട്ടത്? പറയൂ...
നീ മരിച്ചു. ഇത് ശവപ്പെട്ടി. ഈ നനവ് മഴ പെയ്ത് കുഴി നിറഞ്ഞത്.
കേട്ട് മരവിച്ച അവസ്ഥയിലും തോൽക്കാൻ മനസ്സില്ലാതെ വീണ്ടും ചോദിച്ചു, നിങ്ങൾ ആരാണ്?
നിന്റെ ആത്മാവ്...
നിർവികാരതയോടെ കേട്ടിരുന്ന എന്നെ സ്വസ്ഥമായി ഉറക്കിയിട്ട് നിശ്ചിത സമയത്തേക്ക് എന്റെ ആത്മാവ് എന്നെ വിട്ട് കുഴിക്ക് വെളിയിലേക്ക് പോയി.
അയാൾ എല്ലാവർക്കും ചായയും ബിസ്ക്കറ്റും കിട്ടിയെന്ന് ഉറപ്പ് ഉറപ്പ് വരുത്തി. അപ്പോഴും ചിലർ വെള്ളവും മണ്ണും കൂടി കുഴഞ്ഞ മിശ്രിതം മൺവെട്ടിയിൽ കോരി എന്റെ കുഴിക്ക് മുകളിൽ ഇടുകയായിരുന്നു.
വീണ്ടും ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു...
കണ്ണ് തുറന്നപ്പോൾ ഒരു കപ്പ് ചായയുമായി ഭാര്യ മുന്നിൽ. അന്ന് ആ ചായക്ക് പതിവില്ലാതെ നല്ല രുചിയായിരുന്നു...
No comments:
Post a Comment