കുഴിഞ്ഞിറങ്ങിയ കണ്ണിൽ നനവ് അനുഭവപ്പെടുന്നുണ്ട്, പക്ഷെ കരയാൻ സാധിക്കുന്നില്ല. ഹൃദയഭാരം എന്നിൽ കൂന് സൃഷ്‌ടിച്ചിരിക്കുന്നു. ശരീരം അശക്തമാകുന്നു. വിഷാദം എന്നിൽ പിടിമുറുക്കുന്നു.
കാലുകളിൽ നിന്നും ശക്തി ചോരുന്നത് പോലെ, വിരലുകളിൽ മരവിപ്പ് പോലെ... ഓരോ നടപ്പിലും വീണുപോയെക്കുമെന്ന ചിന്ത മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു.
കരങ്ങൾ കെട്ടി മേശപ്പുറത്ത് വെച്ച് തലവെച്ച് കിടക്കുമ്പോൾ നൊമ്പരം അതിതീവ്രമായി എന്റെ തലച്ചോറിനെ പിളർത്തുന്നു. പല്ലുകൾ തമ്മിൽ കടിപിടികൂടുമ്പോൾ തലയുടെ ഇടത് വശത്ത് മിന്നൽ പോലെ പെരുപ്പ് ഇരച്ചു കേറുന്നു.
തിരിച്ചു കയറാൻ ആഗ്രഹിക്കാത്ത വിഷാദ ചുഴിയിലേക്ക് ആഴ്ന്നിറങ്ങി പോകുമ്പോൾ ചുറ്റുമുള്ള കെട്ടുപാടുകളെ മറവി ഒപ്പം കൂടെകൂട്ടി മറ്റൊരു വഴി പോയികഴിഞ്ഞിരുന്നു.
ഒരു നിമിഷം കണ്ണടച്ചാൽ ചീവീടിന്റെ ശബ്ദം എന്നെ കീഴ്മേൽ മറിക്കുന്നു. ഭയമെന്നെ ഒറ്റയ്ക്ക് നിർത്തി പരീക്ഷിക്കുന്നു. ജയിക്കണമെന്ന് ആഗ്രഹമില്ലാത്ത പരീക്ഷയിൽ വെറുതെ നിന്ന് തോറ്റ് കൊടുക്കാൻ ഉള്ളിൽ ആഗ്രഹം കനക്കുന്നു.
No comments:
Post a Comment